മാറുന്ന ഗുരു സങ്കല്പങ്ങൾ

 

“ഈശ്വരനും  ഗുരുവും എന്റെ മുൻപിൽ വന്നുനിന്നാൽ ഞാനാദ്യം ഗുരുവിനെ നമസ്കരിക്കും. കാരണം ഈശ്വരനെ കാണാനുള്ള ശക്തി എനിക്ക് പ്രദാനം ചെയ്യ്തത് ഗുരുവാണ് ” – ഭക്തകവി സൂർദാസിന്റെ വരികളാണിവ. പ്രാചീന ഭാരതം എത്ര ഉത്കൃ ഷ്ടമായിട്ടാണ് ഗുരുവിനെ കണ്ടതെന്ന് ഈ വരികൾ ബോധ്യമാക്കുന്നു.

‘ഗുരു ‘ എന്ന പദത്തിന്റെ അർത്ഥം  തന്നെ തമസ്സകറ്റുന്നതെന്നാണ്. കേവലം ഒരു വിഷയത്തേക്കുറിച്ചുള്ള ജ്ഞാനം മാത്രമല്ല  മറിച്ച് പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുന്നതിനുള്ള അറിവും ശക്തിയും പകരുന്നവനാണ് ഗുരു.

ഈ മണ്ണിൽ പിറന്നു വീഴുന്ന നമുക്കെല്ലാവർക്കും  അമ്മിഞ്ഞപ്പാലിനൊപ്പം ജീവിതത്തിന്റെ  ആദ്യപാഠങ്ങൾ പകർന്നു നല്കിയ ആദ്യഗുരു അമ്മയാണ്. ആ കണ്ണുകളിലൂടെയാണ് നാം ലോകം കണ്ടതും തെറ്റും ശരിയും തിരിച്ചറിഞ്ഞതും. പിന്നീട് നമ്മുടെ ഭൗമമണ്ഡലം വളരുന്നതിനനുസരിച്ച് ഗുരുസ്ഥാനീയരുടെ എണ്ണവും വർദ്ധിക്കുന്നു.

ജോയൽ മ്ലേക്കോ തന്റെ “ ദി ഗുരു ഇൻ ഹിന്ദു ട്രെഡിഷൻ ” എന്നാ പുസ്തകത്തിൽ ഗുരുവിനെപ്പറ്റി പരാമർശിക്കുന്നത് ഇങ്ങനെയാണ്, “ ജീവിതത്തിന്റെ അർത്ഥം വെളിപ്പെടുത്തുന്നവൻ  ആരോ അവൻ ഒരുവന് ഗുരുവാണ് ”. അങ്ങനെ നോക്കുമ്പോൾ ഏതൊരു വ്യക്തിക്കും ഗുരുസ്ഥാനീയരാണ് അവനിൽ സ്വാധീനം ചലുത്തിയവരെല്ലാവരും. ജീവിതാനുഭവങ്ങളുടെ വലിയ പാഠപുസ്തകം നമ്മുടെ മുന്നിൽ നിവർത്തിവെക്കുന്ന ജീവിതം തന്നെയാണ് വലിയ ഗുരു. നമ്മുടെ നിലനിൽപ്പിനാവശ്യമായ എല്ലാം മടിയിൽ തിരുകി നമ്മെ തഴുകിതലോടുന്ന പ്രകൃതിയും ഗുരുസ്ഥാനീയ തന്നെ.

“മാതാ പിതാ ഗുരു ദൈവം” എന്നതാണ് ആർഷഭാരതസംസ്കാരം. ജന്മം നല്കിയ മാതാപിതാക്കളെയും ഗുരുക്കന്മാരെയും നാം ഈശ്വരന്റെ പ്രതിരൂപങ്ങളായി കരുതുന്നു. എന്നിരിക്കിലും അരിസ്റ്റോട്ടിലിന്റെ ഈ വാക്യം. ഗുരുവിനെ രക്ഷിതാവിലും എത്രയോ ഉയരത്തിലാണ്  പ്രാചീനസമൂഹം കരുതിയിരുന്നത് എന്ന വസ്തുത വ്യക്തമാക്കുന്നു. “ രക്ഷിതാക്കളെക്കാൾ നാം ബഹുമാനിക്കേണ്ടത് ഗുരുക്കന്മാരെയാണ്. എന്തെന്നാൽ രക്ഷിതാക്കൾ കുട്ടികൾക്ക് ജീവിതം നല്കുന്നു. ഗുരുക്കന്മാർ നന്നായി ജീവിക്കാനുള്ള കലയും ”.

ഗുരുവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലറുടെ “ ടീച്ചർ ” ആനി സള്ളിവാനെയാണ്. അവർ തന്നെ പഠിപ്പിക്കാൻ ആദ്യമെത്തിയ ദിവസത്തേക്കുറിച്ച് ഹെലൻ ഇങ്ങനെയെഴുതി, “ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്റെ അധ്യാപിക ആൻ മാൻസ്ഫീൽഡ് സള്ളിവൻ എന്റെ അടുക്കൽ വന്ന ദിവസമാണ് ”. ഹെലൻ കെല്ലറുടെ ആത്മകഥ പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് വ്യക്തമാകും, പഠനത്തിന്റെ സ്വപ്നലോകത്തേക്കുള്ള യാത്ര ഇരുവർക്കും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. ചില ഘട്ടങ്ങളിൽ   ശാഠ്യക്കാരിയായ ശിഷ്യക്ക് മുന്നിൽ തോറ്റുകൊടുക്കാതെ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു ശിഷ്യയെ വിജയത്തിന്റെ കൊടുമുടിയിലെത്തിച്ച ആനി സള്ളിവാൻ ശ്രേഷ്മായ ഗുരുവിന്റെ സംക്ഷിപ്ത രൂപമാണ്.



പുരാണങ്ങളിലും ഇതിഹാസങ്ങളിലും നാം ദർശിക്കുന്ന ഗുരുഭൂതരുടെ മഹിമയോളം പ്രധാന്യമർഹിക്കുന്നതാണ്. ശിഷ്യഗണങ്ങളുടെ ഗുരുഭക്തിയും. ഇതിൽ മാതൃകപരമായ ശിഷ്യത്വമെന്ന് കാലകാലങ്ങളായി നാം നിർവചിക്കുന്നത് ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ കഥാപാത്രം, ഏകലവ്യനെയാണ്. ഗുരു ദക്ഷിണയായി തന്റെ വലതുകൈയുടെ പെരുവിരൽ ആവശ്യപ്പെട്ട ഗുരുവിന് രണ്ടാമതൊന്നലോചിക്കാതെ വിരൽ മുറിച്ചുനൽകിയ ശ്രേഷ്ഠ ശിഷ്യനാണ് ഏകലവ്യൻ. തള്ളവിരലില്ലാതെ തനിക്ക് അമ്പെയ്ത്ത് അഭ്യസിക്കാൻ കഴിയില്ലെന്ന് അവന് അറിയാമായിരുന്നിട്ടുകൂടിയും.



അർജുനനോടുള്ള അമിതശിഷ്യവാത്സല്യം കൊണ്ട്  നിക്ഷീപ്ത താല്പര്യങ്ങൾക്കായി തന്റെ വൈദഗ്ധ്യം പ്രയോഗിച്ച ദ്രോണാചാര്യരെ നാം ക്രൂരനും സ്വാർത്ഥനുമായ ഗുരുവായി പൊതുവേ ചിത്രീകരിക്കുന്നു. ഇവിടെ നാം ഒരു കാര്യം വിസ്മരിക്കുന്നതായി ആചാര്യ ശ്രീ ശ്രീ രവിശങ്കർ  ചൂണ്ടികാണിക്കുന്നു. ബാഹ്യമായി ദ്രോണർ ഏകലവ്യനോട് അനീതി ചെയ്തതായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹം ഏകലവ്യനെ വിദ്യാർത്ഥി എന്ന നിലയിൽ  നിന്ന് ശിഷ്യത്വത്തിന്റെ പ്രതീകമായി ഉയർത്തി. തന്റെ പെരുവിരലിന് പകരമായി ഏകലവ്യന് അനശ്വരത നൽകിയാണ് ഗുരു അനുഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ഇന്നും നാം ഭക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏകലവ്യനെയാണ് ഓർമ്മിക്കുന്നത്, അർജുനനെയല്ല. അതിനാൽ ഗുരു തെറ്റാണെങ്കിലും ഭക്തിയുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റില്ല, എന്ന് അദ്ദേഹം നമ്മേ ഓർമപ്പെടുത്തുന്നു.

സമകാലീന സമൂഹത്തിന്റെ മാറിവരുന്ന ഗുരു സങ്കൽപ്പങ്ങൾക്കനുസരിച്ച് ഗുരുശിഷ്യ ബന്ധങ്ങൾക്കും ഏറെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. പുത്രവാത്സല്യത്താൽ തിമിരം ബാധിച്ച നമ്മുടെ കണ്ണുകൾ പലപ്പോഴും കാണാതെ പോകുന്ന നമ്മുടെ കുട്ടികളുടെ തെറ്റുകൾ തിരുത്താൻ അദ്ധ്യാപകർ ഒരിക്കലും മടികാണിക്കാറില്ല. തന്റെ മുന്നിലിരിക്കുന്ന എല്ലാ കുട്ടികളെയും തന്റേതെന്ന് കരുതി അതിരറ്റ സ്നേഹവാത്സല്യത്തിനിടയിലും അവരിലെ തെറ്റുകളെ തിരുത്താൻ അവർ കാണിക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയും നാം കാണാതെ പോകരുത്. 

തങ്ങളുടെ മക്കൾക്ക് നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുന്നതിന് സഹായിക്കേണ്ട നമ്മൾ ഇന്ന് അവരുടെ നല്ല സുഹൃത്തിന്റെ സ്ഥാനം സ്വയം നേടിയെടുക്കാൻ നെട്ടോട്ടമോടുമ്പോൾ അദ്ധ്യാപകരിലും നാം സുഹൃത്തുക്കളെ തേടുന്നു. കൊല്ലം അഷ്ടമുടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ ആത്മഹത്യയെ തുടർന്നുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെയുള്ള ചർച്ചകളും നമ്മുടെ മാറുന്ന മൂല്യങ്ങളിലേക്കും മൂല്യബോധങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. തെറ്റ് കണ്ടാൽ തിരുത്തുവാൻ, നല്ലത് പറഞ്ഞുകൊടുക്കാൻ നമ്മുടെ ഗുരുക്കന്മാർ ഇന്ന് മടിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ആരെന്ന് തീർച്ചയായും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരധ്യാപകനായി അറിയപ്പെടാനാഗ്രഹിച്ച രാഷ്ട്രപതിക്ക് ജന്മം നല്കിയ നമ്മുടെ നാട്ടിൽ ഗുരുവിന്റെ സ്നേഹശാസനകൾ ഏറ്റുവാങ്ങി ആ വാത്സല്യത്തിന്റെ പാത്രമായി ശരിയായ ദിശയിൽ ജീവിക്കാനുള്ള പുതിയ തലമുറയുടെ അവകാശത്തെ രക്ഷിതാക്കളും അഭ്യുതയകാംക്ഷികളും നിഷേധിക്കരുത്   “ആചാര്യ ദേവോ ഭവ” ഇതാവട്ടെ നമ്മുടെ ആപ്തവാക്യം.


Comments

  1. Emotional, though provoking,Commendable theme on a teacher's or Guru's role in shaping the young minds...I appreciate this blog and the writer/blogger Sanjuaana , A Guru herself for this post handling it with sensitivity and many real life examples from Indian epics. . Teachers or Gurus are second parents especially, when the child spends more than half of his or her life in the educational institutions. A must read for parents, teachers and students too

    ReplyDelete
  2. Really its a deep and vast ..like an oceanic description👍🏻👏🏻👏🏻❤️

    ReplyDelete

Post a Comment

Popular posts from this blog

Monday Blues!!

To The Magi In Us

Making a Paradigm Shift in the Profile of Being a Teacher